അവനൊരിക്കലും സീരിയസ് ആയി ഇരിക്കുന്നത് ഇഷ്ടമല്ലായിരുന്നു… ആരെങ്കിലും മുഖം വീർപ്പിച്ചിരുന്നാൽ, പോയി ചൊറിയുക എന്നുള്ളത്, ഒരു കലയായി കൊണ്ട് നടന്നവൻ.
മറ്റുള്ളവർ പറയുന്ന കിടിലം തമാശകൾക്ക്, പുച്ഛത്തോടെ ഒരു ചിരിയും, സ്വന്തം പൊട്ട തമാശകൾക്ക്, ഏങ്ങി ഏങ്ങി പൊട്ടി ചിരിക്കുകയും ചെയ്തിരുന്നവൻ.
ഉണങ്ങിയ ശരീരവുമായി വൈകിട്ടു 5 മണിയാവുമ്പോ ദേവാസിൽ കയറി 8 പറോട്ടയും രണ്ട് മുട്ട കറിയും കഴിച്ച്, 5.30ക്ക് ഹോസ്റ്റലിൽ കയറി വന്ന്, 6 മണിക്ക് സ്റ്റഡി time-ൻറെ ബെല്ലടിക്കാൻ വെറും അര മണിക്കൂർ ബാക്കി നിൽക്കെ, “എന്നെ വിശക്കുന്നേ” എന്ന് പറഞ്ഞോണ്ട് എന്റെ കയ്യേൽ പിടിച്ച് വലിച്ചെടുത്തു കൊണ്ടോടുന്നവൻ…
ആ അര മണിക്കൂറിൽ കവലയിൽ ചെന്ന്, മറീനയിൽ നിന്ന് ഒരു കപ്പ ബിരിയാണിയും അടിച്ച്, ഒരു ഗോൾഡും വലിച്ച്, തിരിച്ച് ഞങ്ങൾ ഓടി കിതച്ച് റൂമിൽ എത്തുമ്പോൾ, “ഇന്ന് മെസ്സിൽ എന്നതാടാ കഴിക്കാൻ?!” എന്ന് ആകാംഷയോടെ ചോദിക്കുന്നവൻ.
മെലിഞ്ഞൊട്ടിയ നെഞ്ചും അതിൽ പറ്റി പിടിച്ചു കിടക്കുന്ന മാലയും കാണിച്ച്, chewing gumഉം ചവച്ച് അലസമായി നടന്നവൻ.
കൂട്ട്കാർക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ മടിക്കാത്തവൻ.
അച്ഛൻ അക്കൗണ്ടിലിട്ട് കൊടുക്കുന്ന പൈസ, സ്വന്തം ആവശ്യങ്ങൾക്കുപരി, മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കിക്കൊണ്ടിരുന്നവൻ.
ഡ്രൈവിങ്ങിനെക്കാൾ ഭ്രാന്ത് ബൈക്ക് ഓടിക്കാൻ ആയിരുന്നെങ്കിലും, അമ്മയോടുള്ള സ്നേഹവും, അവർക്ക് കൊടുത്ത വാക്കും പാലിച്ച്, bike-ഇൽ തൊടാത്തവൻ.
അവന്റെ ചേച്ചിമാരെ heroines ആയി കണ്ട് വാതോരാതെ സംസാരിച്ചിരുന്നവൻ.
കോളേജിൽ പിള്ളേര് മുഴുവൻ രണ്ട് gang ആയി തല്ലിപ്പിരിഞ്ഞപ്പോ ഏറ്റവും കൂടുതൽ വേദനിച്ചവൻ….പിന്നീട് ആ രണ്ട് ഗാങ്ങിലും ഒരേ പോലെ സ്വാധീനവും, അവരോട് ഒരേ പോലെ സ്നേഹവും ഉണ്ടായിരുന്നവൻ.
പകൽ മുഴുവൻ എവിടെപ്പോയാലും, എല്ലാം കഴിഞ്ഞ് ഉറങ്ങാൻ ഞങ്ങളോടൊപ്പം മാത്രം വരുന്നവൻ.
ആരെയും കൂസാത്ത, എന്തും സാധ്യമാക്കാൻ കെൽപ്പുണ്ടായിരുന്ന, ചങ്കൂറ്റം ഉണ്ടായിരുന്നവൻ.
മനുഷ്യനെ സ്നേഹിക്കുന്നവൻ.
ഇന്ന് ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ, നമ്മളെയെല്ലാം ഞെട്ടിക്കേണ്ടിയിരുന്നവൻ.
ഇന്നേക്ക് 11 വർഷം മുന്നേയുള്ള ആ മരവിപ്പിക്കുന്ന രാത്രി… ആദ്യമായി ഞങ്ങളുടെ മുറിയിൽ ഉറങ്ങാൻ വരാതെ, ഒരു കള്ളചിരിയും ചിരിച്ച് നടന്നു പോയിട്ട് പിന്നീടൊരിക്കലും മടങ്ങി വരാത്തവൻ…
ഞങ്ങളുടെ ജിനോ!
ജിനോ വിശ്വനാഥ്.
We still miss you bro!
Be young in our hearts!! Love you!